കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ലക്ഷങ്ങൾ വിലവരുന്ന സ്വർണവുമായി യുവതിയെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 67.72 ലക്ഷം രൂപ വിലവരുന്ന 1125 ഗ്രാം സ്വർണമാണ് പിടിച്ചത്
അതേസമയം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മൂന്ന് പേരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. ബാങ്കോക്കിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ഹിസ്ഹാം മർഷദിനെ കോഴിക്കോട് നിന്നുള്ള ഡിആർഐ യൂണിറ്റ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്. 26 ലക്ഷം രൂപവില വരുന്ന 500 ഗ്രാം സ്വർണം ഇയാൾ സോക്സിനുള്ളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.
കസ്റ്റംസ് നടത്തിയ മറ്റു പരിശോധനകളിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി സക്കറിയയിൽ നിന്ന് 11 ലക്ഷം രൂപ വിലവരുന്ന 216 ഗ്രാം സ്വർണവും പാലക്കാട് സ്വദേശി ഇജാസ് ഇസ്മായിലിൽ നിന്ന് 12 ലക്ഷം രൂപ വില വരുന്ന 232 ഗ്രാം സ്വർണവും പിടികൂടി.