ഊട്ടി: ഉരുൾപൊട്ടലിൽ റെയിൽവേ പാളത്തിലേക്ക് പാറക്കല്ലും മരങ്ങളും വീണതിനെ തുടർന്ന് പൈതൃക ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഊട്ടി-മേട്ടുപാളയം സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ കല്ലാറിനും കൂനൂരിനും ഇടയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പാളത്തിലേക്ക് പാറക്കല്ലുകളും ചെളിയും മരങ്ങളും വീഴുകയായിരുന്നു. ഇതോടെ സർവീസ് തുടങ്ങാൻ ഇരുന്ന ട്രെയിനുകളെല്ലാം യാത്ര റദ്ദാക്കി.
യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് റെയിൽവേ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയുടെ പ്രധാന ആകർഷണം പൈതൃക ട്രെയിൻ യാത്രയാണ്. ഊട്ടിയിലെ വനത്തിലൂടെയുള്ള ഈ യാത്ര ആസ്വദിക്കാൻ നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്.