എറണാകുളം: കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 ഓടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ കുമാരി (53), മലയാറ്റൂർ കടവൻകുഴി വീട്ടിൽ ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. കുമാരിയും ലിബിനയും ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.
സ്‌ഫോടനത്തിൽ പരിക്കേറ്റ 19 പേരാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത്. 10 പേർ ഐസിയുവിലും 9 പേർ വാർഡുകളിലുമാണ്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചേക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.















