ജയിലർ, വാരിസ്, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതനായ അഭിനേതാവാണ് വി ടി വി ഗണേഷ്. വ്യത്യസ്തമായ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ ജനപ്രിയ നായകൻ ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന ബാന്ദ്രയിലൂടെ അദ്ദേഹം മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഗോസ്വാമി എന്ന കഥാപാത്രത്തെയാണ് ഗണേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
2002ൽ പുറത്തിറങ്ങിയ റെഡ് എന്ന ചിത്രത്തിലൂടെയാണ് വി ടി വി ഗണേഷ് സിനിമ ലോകത്തേക്ക് കടന്നുവന്നത്. തമിഴകത്തെ അറിയപ്പെടുന്ന നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. ഗൗതം മേനോന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ്. ചിത്രത്തിലെ ഗണേഷ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ലഘൂകരിച്ച പേരായ ‘വി ടി വി’ അതിന് ശേഷം അദ്ദേഹം തന്റെ പേരിനൊപ്പം ചേർക്കുകയായിരുന്നു.
ദിലീപിന്റെ നായികയായി തമന്ന എത്തുന്ന ബാന്ദ്ര ഈമാസം പത്തിന് തീയറ്ററുകളിൽ എത്തും. മാസ്സ് ആക്ഷനൊപ്പം ആഴമേറിയ കുടുംബ ബന്ധങ്ങളുടെ കഥ കൂടിയാണ് ബാന്ദ്രയിൽ പറയുന്നത്. പാൻ ഇന്ത്യൻ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹൻദാസും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ബാന്ദ്രയിൽ അണിനിരക്കുന്നത്.