കോഴിക്കോട്: വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട്-വടകര ദേശീയപാതയ്ക്കടുത്തുള്ള പാർക്കോ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു.
ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ഗീത എന്ന പേരിലുള്ള സ്വകാര്യ ബസാണ് സ്കൂട്ടറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും റോഡിലേക്ക് തെറിച്ച് വീണു. എന്നാൽ ഇടിച്ചശേഷം സ്കൂട്ടര്‍ ബസിനുള്ളില്‍ കുരുങ്ങി. തുടര്‍ന്ന് സ്കൂട്ടറിനെ വലിച്ച് 20 മീറ്ററോളമാണ് ബസ് മുന്നോട്ട് പോയത്. ഇതിനുശേഷമാണ് ബസ് നിര്‍ത്തിയത്.
അതേസമയം അപകടം നടന്നയുടനെ ഇരുവരും തെറിച്ചുപോയതിനാൽ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂടാതെ റോഡിലേക്ക് തെറിച്ചു വീണപ്പോള്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതും അപകടമൊഴിവാക്കി. അപകടത്തിൽ പരിക്കേറ്റ സഹോദരങ്ങളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.