ശ്രീനഗർ: ജമ്മു-കശ്മീരിലെ സാംബ ജില്ലാതിർത്തിയിൽ ഇന്ന് പുലർച്ചെയായിരുന്നു പകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. യാതൊരു പ്രകോപനവും കൂടാതെ തന്നെ പാകിസ്താൻ ആക്രമണം നടത്തിയതിനെ തുടർന്ന് ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. അപ്രതീക്ഷിതമായി നേരിട്ട ആക്രമണത്തിൽ പ്രതികരിക്കുകയാണ് ജില്ലയിലെ നിവാസികൾ
” എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസിലായില്ല. അപ്രതീക്ഷിതമായാണ് വെടിവെപ്പ് നടന്നത്. ഞാൻ എന്റെ കുട്ടികളെയും എടുത്ത് ഒരു റൂമിലേക്ക് ഓടി കയറി. വെടി നിർത്തുന്നത് വരെ ഭയന്നാണ് ഞങ്ങൾ അവിടെ കിടന്നത്. കുട്ടികളുമായി സമീപ ജില്ലയിലേയ്‌ക്ക് മാറി താമസിക്കാൻ അധികൃതർ പിന്നീട് ഞങ്ങൾക്ക് നിർദ്ദേശം നൽകി’- നാട്ടുകാർ പ്രതികരിച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സാംബ ജില്ലയിൽ പാകിസ്താൻ റേഞ്ചേഴ്‌സ് അപ്രതീക്ഷിതമായി വെടിവെപ്പ് തുടങ്ങിയത്. പ്രകോപനങ്ങൾ ഒന്നും തന്നെയില്ലാതെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ജില്ലയിൽ 4-5 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു വെടിവെപ്പുണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാകിസ്താൻ റേഞ്ചേഴ്‌സ് ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ബിഎസ്എഫ് ഹെഡ്‌കോൺസ്റ്റബിൾ വീരമൃത്യുവരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയായിരുന്നു വീരമൃത്യുവരിച്ചത്.















