തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതി കൈവിലങ്ങുമായി ചാടിപ്പോയി. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മംഗലപുരം സ്വദേശി സെയ്ദ് ആണ് രക്ഷപ്പെട്ടത്. മ്യൂസിയം പോലീസാണ് എംഡിഎംഎ ലഹരിക്കേസില്‍ സെയ്ദിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.
വൈദ്യപരിശോധനയ്ക്കായി ഇന്നാണ് പ്രതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയുടെ രണ്ട് കൈയ്യിലും വിലങ്ങിട്ടാണ് കൊണ്ട് വന്നതെങ്കിലും ഡോക്ടറുടെ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പായി ഒരുകൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാരെ തള്ളിമാറ്റി കൊണ്ട് ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.