ന്യൂഡൽഹി: സിബിഐ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും കേന്ദ്രത്തിന് അതിന്മേൽ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ആരംഭിച്ചെന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ ഹർജിയിൽ വാദം കേൾക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്രവുമായോ മറ്റേതെങ്കിലും സംസ്ഥാനവുമായോ തർക്കമുണ്ടായാൽ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ സംസ്ഥാനത്തിന് അധികാരം നൽകുന്ന ഭരണഘടനയുടെ 131-ാം അനുച്ഛേദം പ്രകാരമാണ് ബംഗാൾ സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ പോയത്. എന്നാൽ സംസ്ഥാനത്തെ 12-ലധികം കേസുകളിൽ സിബിഐ അന്വേഷണം ആരംഭിച്ചതാണ് ബംഗാൾ സർക്കാരിനെ ചോടിപ്പിച്ചത്. കേസുകളിൽ സിബിഐ അന്വേഷണം നിർത്തിവയ്‌ക്കണമെന്ന് കേന്ദ്രത്തിന് നിർദേശം നൽകണമെന്നും ബംഗാൾ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
ഡിപ്പാർട്ട്‌മെന്റ് ഓഫ് പെർസണൽ ട്രെിയിനിംഗിന്റെ കീഴിലാണ് സിബിഐ അടക്കമുള്ള ഏജൻസികൾ വരുന്നത്. കേന്ദ്രത്തിന് കേസുകളിൽ അന്വേഷണം നയിക്കാനോ പ്രോസിക്യൂഷൻ നിരീക്ഷിക്കാനോ കഴിയില്ല. അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം അല്ലെങ്കിൽ സ്വദേശിവൽക്കരണം എന്നിവ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കേന്ദ്രത്തെ വിഷയത്തിൽ ഉൾപ്പെടുത്തിയതിന് ദുരുദ്ദേശപരമാണ്. സിബിഐ കേന്ദ്ര സർക്കാരല്ല, ഇളവ് വേണമെങ്കിൽ സിബിഐക്കെതിരെ കേസെടുക്കണം. സർക്കാരിന് സിബിഐയ്‌ക്ക് മേൽ നിയന്ത്രണമോ അധികാരമോ ഇല്ല. സിബിഐ സ്വതന്ത്ര സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ നടപടിയെടുക്കാൻ ഒരു കാരണവും ഇല്ലാത്തതിനാൽ കേസ് തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ വാദങ്ങളെ കേടതി പിന്തുണച്ചു. അന്വേഷണത്തിന്റെ കാര്യത്തിൽ സിബിഐക്ക് പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്ന് അറിയാമെന്നും കോടതി പറഞ്ഞു.
നവംബർ 23 ന് കേസിൽ വാദം തുടരുമെന്ന് കോടതി പറഞ്ഞു.