ഭഗവാൻ ശ്രീ സുബ്രമണ്യന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് സ്കന്ദ ഷഷ്ഠി അഥവാ കന്ദഷഷ്ഠി. മുരുകൻ, കാർത്തികേയൻ, സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന സ്കന്ദൻ ശിവന്റെയും പാർവതി ദേവിയുടെയും പുത്രനാണ്. ശിവന്റെ മൂന്നാം കണ്ണിൽ നിന്ന് പുറത്തുവന്ന തീപ്പൊരികളിൽ നിന്നാണ് സ്കന്ദൻ ജനിച്ചത്.ദക്ഷിണേന്ത്യയിൽ സ്കന്ദൻ ഗണപതിയുടെ ഇളയ സഹോദരനായും ഉത്തരേന്ത്യയിൽ ജ്യേഷ്ഠനായും കണക്കാക്കപ്പെടുന്നു. തുലാം മാസത്തിലെ ഷഷ്ഠി ആണ് സ്കന്ദഷഷ്ഠി. എല്ലാ മാസവും ഷഷ്ഠി വരുമെങ്കിലും, കാർത്തിക മാസത്തിൽ വരുന്ന ശുക്ലപക്ഷ ഷഷ്ഠിയാണ് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത്. (തുലാം മാസത്തിലെ കാർത്തിക കറുത്ത പക്ഷത്തിൽ വന്നാൽ അടുത്ത മാസമായ വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് സ്കന്ദ ഷഷ്ഠിക്കായി എടുക്കുക.) അപ്രകാരം ഇക്കൊല്ലം 2023 നവംബർ 18 ആണ് സ്കന്ദഷഷ്ഠി. തമിഴ്നാട്, കേരളം, ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങൾ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഇത് ഒരു പ്രധാന ഉത്സവമാണ്.
ഷഷ്ഠി വ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ കൃത്യമായ ഫലം ലഭിക്കുന്ന വ്രതമാണ് . ഷഷ്ഠി വ്രതം എടുക്കുന്നവർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ദർശിക്കുന്നത് വ്രതത്തിനു പൂർണത നൽകും. ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ്, മഹാരോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠി വ്രതമെടുത്താൽ രോഗശാന്തിയുണ്ടാവും. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം തുടങ്ങിയവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങൾ. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കേണ്ടത്. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി ഉപവാസം സാധിക്കാത്തവർക്ക് ഉച്ചപ്പൂജയുടെ നിവേദ്യം ക്ഷേത്രത്തിൽ നിന്ന് കഴിക്കാം. ഓർക്കുക, ഏതൊരു വ്രതാനുഷ്ടാനത്തിലും സമർപ്പണം ആണ് പ്രധാനം.
ഐതിഹ്യങ്ങൾ:
സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിന് പാർവ്വതി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവാനായി ദേവന്മാർ വ്രതമെടുത്ത് ഫലസിദ്ധി നേടി എന്നും പുരാണത്തിൽ പരാമർശിക്കുന്നു.
ഭഗവാൻ സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് സ്കന്ദ ഷഷ്ഠി. പരമശിവന്റെ മൂന്നാം കണ്ണിലെ തീപ്പൊരികളിൽ നിന്ന് ജനിച്ച സ്കന്ദൻ കാർത്തികമാസത്തെ സ്കന്ദ ഷഷ്ഠി നാളിൽ അസുരനായ ശൂരപത്മനെയും അവന്റെ സഹോദരന്മാരായ സിംഹമുഖനെയും താരകാസുരനെയും പരാജയപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താൽ സ്കന്ദ ഷഷ്ഠിക്ക് ശൂരൻപോരു എന്നും ശൂരസംഹാരം എന്നും പേരുണ്ട്.
പണ്ട് ശൂരപത്മാവ് എന്നൊരു അസുരനുണ്ടായിരുന്നു. അദ്ദേഹത്തിന് സിംഹമുഖൻ, താരകാസുരൻ എന്നീ രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവർ ദേവന്മാർക്കും മനുഷ്യർക്കും ഒരുപാട് നാശം വരുത്തി. അസുരന്മാരാൽ വിഷമിച്ച ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു, പ്രതിസന്ധി അവസാനിപ്പിക്കാൻ ഒരു മാർഗം ചോദിച്ചു. ആ ഭൂതങ്ങളെ നിയന്ത്രിക്കാൻ പരമശിവന് മാത്രമേ കഴിയൂ എന്ന് ബ്രഹ്മാവ് പറഞ്ഞു. തുടർന്ന് ദേവന്മാർ കാമദേവനെ (മന്മഥ) കൈലാസ പർവതത്തിൽ ധ്യാനിക്കുന്ന പരമ ശിവന്റെ അടുത്തേക്ക് അയച്ചു. കാമദേവൻ തന്റെ ധ്യാനത്തിൽ നിന്ന് പരമശിവനെ ഉണർത്തി. തന്റെ ധ്യാനത്തിലെ വ്യതിചലനം മൂലം പരമശിവൻ ക്ഷോഭിക്കുകയും തന്റെ മൂന്നാം കണ്ണ് തുറക്കുകയും ചെയ്തു. ആ തൃക്കണ്ണിൽ നിന്നും ആറ് തീപ്പൊരികൾ നിലത്തേക്ക് വീഴുകയും തീപ്പൊരി വീണിടത്ത് നിന്ന് ഒരു ആൺകുട്ടി ജന്മം കൊള്ളുകയും ചെയ്തു. ദേവി പാർവതി ആ കുട്ടിയെ തന്റെ കുട്ടിയായി സ്വീകരിച്ച് സ്കന്ദൻ എന്ന പേര് നൽകി. അതുകൊണ്ടാണ് പാർവതിയെ സ്കന്ദമാതാ (സ്കന്ദന്റെ അമ്മ) എന്നും വിളിക്കുന്നത്. തുടർന്ന് സ്കന്ദൻ, ഷഷ്ഠി നാളിൽ ആ രാക്ഷസന്മാരെ വധിച്ച് പ്രപഞ്ചത്തിൽ സമാധാനവും സമൃദ്ധിയും സൃഷ്ടിച്ചു. അന്നുമുതൽ, വിജയത്തിന്റെ സന്തോഷത്തിൽ ആഘോഷിക്കുന്ന ആ ദിവസം സ്കന്ദ ഷഷ്ഠി എന്നറിയപ്പെടുന്നു.
സുബ്രമണ്യസ്വാമിയുടെ ആറുപടൈ വീടുകൾ:
അറുപടൈവീട് എന്നും അറിയപ്പെടുന്ന ആറ് വാസസ്ഥലങ്ങൾ തമിഴ്നാട്ടിലെ സ്കന്ദന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്, അവ ചുവടെ നൽകിയിരിക്കുന്നു. സ്കന്ദ ഷഷ്ഠി ദിനത്തിൽ ആളുകൾ ഈ ക്ഷേത്രങ്ങളിൽ ധാരാളമായി സന്ദർശിക്കുന്നു, അവിടെ പ്രാർത്ഥനകളും പാരായണങ്ങളും പൂജകളും വലിയ തോതിൽ നടക്കുന്നു.
1) കോയമ്പത്തൂരിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്ക് കിഴക്കായി പഴനി മുരുകൻ ക്ഷേത്രം.
2) കുംഭകോണത്ത് നിന്ന് 11.6 കിലോമീറ്റർ അകലെയുള്ള സ്വാമിമലൈ മുരുകൻ ക്ഷേത്രം.
3) ചെന്നൈയിൽ നിന്ന് ഏകദേശം 84 കിലോമീറ്റർ അകലെയുള്ള തിരുത്തണി മുരുകൻ ക്ഷേത്രം.
4) മധുരയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കായി പഴമുതിർചോലൈ മുരുകൻ ക്ഷേത്രം.
5) തൂത്തുക്കുടിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്ക് തിരുച്ചെന്തൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ദേവസ്ഥാനം
6) മധുരയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്ക് മാറി തിരുപ്പറംകുണ്ഡ്രം മുരുകൻ ക്ഷേത്രം.
മരുതമല മുരുകൻ ക്ഷേത്രം (കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശമാണ്) മറ്റൊരു പ്രധാന ആരാധനാലയമാണ്.
വ്രതാനുഷ്ടാനം:
പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി ദിനം മാത്രമായും, ഷഷ്ഠിദിനത്തിന് പൂർത്തിയാകുന്ന പോലെ ആറുദിവസം തുടർച്ചയായും ഈ വ്രതമെടുക്കാം. സ്കന്ദഷഷ്ടി അനുഷ്ടാനത്തിൽ ആറുദിവസത്തെ അനുഷ്ഠാനം മികച്ച ഫലം നൽകും. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യഭുജംഗം,സ്കന്ദഷഷ്ടി കവചം, സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയുന്നത് നല്ലതാണ്. ആദ്യത്തെ 5 ദിവസവും ദേഹശുദ്ധി വരുത്തി മനശുദ്ധിയോടെ ഭഗവത് നാമങ്ങൾ ഉരു വിട്ട് ആഹാരക്രമങ്ങളിൽ പൂർണ്ണനിയന്ത്രണം വരുത്തി സമർപ്പണ മനോഭാവത്തോടെ കഴിയുക എന്നത് വ്രതനിഷ്ഠയുടെ ഭാഗമാണ്. കർശനമായും മാംസ ഭക്ഷണവും മദ്യവും ഒഴിവാക്കണം. വ്രതദിവസവും തലേദിവസവും പകലുറക്കം പാടില്ല. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളിൽ ലഘുഭക്ഷണവും ആകാം. ഷഷ്ഠിവ്രതം എടുക്കുന്നവർ ആറാം ദിവസം മുരുക ക്ഷേത്രത്തിൽ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത് വ്രതം അവസാനിപ്പിക്കാം. സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ്, കുളിച്ച് ധ്യാനത്തിന് ശേഷം, കാര്‍ത്തികേയന്റെ ശിശുരൂപത്തെ ജലം കൊണ്ട് ശുദ്ധീകരിച്ച് പുഷ്പം, ചന്ദനം, ചന്ദനത്തിരി, വിളക്ക്, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ സമര്‍പ്പിക്കുക.
ഭക്തിയോടെ വ്രതം എടുക്കുന്നവർക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.സ്കന്ദഷഷ്ടി ആറാം ദിവസമായി വരത്തക്ക രീതിയിൽ വ്രതം ആരംഭിക്കണം. സ്കന്ദഷഷ്ഠി വ്രതം, ആറ് ദിവസമായി പിടിച്ച് അവസാനിപ്പിക്കുന്നവർ 14 -11- 2023 ചൊവ്വാഴ്ച പ്രഭാതം മുതൽ വ്രതം ആരംഭിക്കണം. 2023 ലെ സ്കന്ദഷഷ്ഠിയിൽ അഞ്ചാംദിവസം (നവംബർ 18 ) പഞ്ചമി, ഷഷ്ഠി എന്നീ തിഥികളുടെ വ്രതം ഒരുമിച്ചാണ് വരുന്നത്. അടുത്ത ദിവസം പുലർച്ചെ കുളിച്ച് പ്രാർത്ഥിച്ച്, തുളസിയിലയിട്ട ജലവും സേവിച്ച് വ്രതം അവസാനിപ്പിക്കണം.
സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഭക്ഷണം സസ്യാഹാരം മാത്രം ആറു ദിവസവും ധാന്യഭക്ഷണം ഒരു നേരം മാത്രം, മറ്റു സമയങ്ങളിൽ പാൽ, പഴം, ലഘുഭക്ഷണം എന്നിവ ആകാം. ആഹാര നിയന്ത്രണത്തിൽ അവനവന്റെ ആരോഗ്യമാണ് പ്രധാനം. മരുന്നുകൾ ഒഴിവാക്കരുത്.
ആരോഗ്യം അനുവദിക്കുമെങ്കിൽ ഉപവാസം ആകാം. വ്രതദിവസങ്ങളിൽ പറ്റുമെങ്കില നിത്യവും സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക. കുമാരസൂക്തം, സ്കന്ദ ഷഷ്ടി കവചം, സ്കന്ദ പുരാണം മുതലായവ പാരായണം ചെയ്യുക. വൃശ്ഛികമാസത്തിലാരംഭിച്ച് തുലാം മാസത്തിലവസാനിക്കുന്ന രീതിയിലും ഒൻപത് വർഷങ്ങൾ കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലും വ്രതമനുഷ്ടിക്കാം.
ജപം, സമർപ്പണം, പ്രതിവിധി:
ജ്യോതിഷത്തിൽ സുബ്രമണ്യ ഭജനം ആണ് ചൊവ്വക്ക് പറയുന്നത്. ഗ്രഹനിലയിൽ ചൊവ്വാദോഷം ഉള്ളവരും, ചൊവ്വാദശയുടെ അപഹാരം നടക്കുന്നവരും, ചൊവ്വ നീച സ്ഥാനത്തു നിൽക്കുന്നവരും ജാതക ഗണനം നടത്തി രാഹു കേതുക്കളുടെ സ്ഥാനം നോക്കി സുബ്രഹ്മണ്യണ്യസ്വാമിക്ക് ഉചിതമായ ഭാവത്തിൽ പരിഹാരം ചെയ്താൽ ഒരുവിധപ്പെട്ട ദുരിതങ്ങൾ ഒക്കെയും മാറും.
സ്കന്ദ ഷഷ്ഠി വൃതം അനുഷ്ഠിക്കുന്നവർ പുതപ്പ് അഥവാ തണുപ്പകറ്റുന്ന വസ്ത്രങ്ങൾ ദാനം നൽകുന്നത് വൃതത്തിനു കൂടുതൽ ഫലം നൽകും. അർഹർക്ക് നല്കുന്ന പോലെ തന്നെയാണ് ദാനം നൽകുന്ന ആളുടെ നക്ഷത്രത്തിന് അല്ലെങ്കിൽ ഗ്രഹനിലക്ക് അനുയോജ്യമായ നക്ഷത്രം ഉള്ളയാൾക്ക് കൊടുക്കുന്നതും.
പൂക്കളും മയിൽപ്പീലികളും കൊണ്ട് അലങ്കരിച്ച കാവടി ചുമലിൽ വഹിക്കുന്ന ഭക്തർ കാവടി ആട്ടമാണ് സ്കന്ദ ഷഷ്ഠി ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരം. കാവടി ചുമക്കുമ്പോൾ വഹിക്കുന്ന പാപഭാരത്തെ പ്രതീകപ്പെടുത്തുന്നു. ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനവും ലഭിക്കും. തല മുണ്ഡനം ചെയ്തു കവടി ആടുന്നത് (കവടി എടുത്തു അമ്പലം ചുറ്റുന്നത്) ചെയുന്നത് ചില പ്രത്യേക പരിഹാരങ്ങളുടെ ഭാഗം ആണ്.
“ഓം ഹ്രീം ഷഷ്ഠീദേവ്യെ സ്വാഹാ” എന്ന മന്ത്രം താമരവിത്ത് മാല ഉപയോഗിച്ച് 1100 തവണ ജപിച്ചാൽ മറ്റു ദോഷങ്ങൾ ഇല്ലാത്തവർക്ക് ആഗ്രഹിക്കുന്ന വിവാഹം ലഭിക്കും. ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നോക്കി വേണം കൃത്യമായ എണ്ണം നിശ്ചയിക്കേണ്ടത്. വിവാഹിതർ ആണ് ചൊല്ലുന്നത് എങ്കിൽ ദാമ്പത്യത്തിൽ ഉന്നതി ഉണ്ടാകും.
ഈ ദിവസങ്ങളിൽ മയിലിനെ പൂജിച്ചാല്‍ സന്താനത്തിനുണ്ടാകുന്ന പ്രതിസന്ധികള്‍ ഒഴിവാകും. സുബ്രമണ്യ ഭഗവാന് അഭിഷേകങ്ങൾ നടത്താനും ഉചിതമായ സമയം ആണ് ഷഷ്‌ഠി. പാൽ, തേൻ, തൈര്, ഭസ്മം, പഞ്ചാമൃതം, പനിനീർ, ചന്ദനം, കുങ്കുമം, കരിക്ക്, നല്ലെണ്ണ, നെയ്യ് തുടങ്ങി വിവിധ വസ്തുക്കൾ കൊണ്ട് അഭിഷേകം നടത്താറുണ്ട്. ഓരോന്നിനും ഓരോ ദശാപഹാരസമയത്തും ഓരോ ഫലങ്ങൾ ആണ് വിധി.
കാര്‍ത്തികേയഭഗവാന് താമരപ്പൂവും സുദര്‍ശന ചക്രവും അര്‍പ്പിച്ചാല്‍ ദുശ്ശാഠ്യമുള്ള കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ സാധിക്കും. മയില്‍പ്പീലി, കുങ്കുമം, ശംഖ്, ബൂന്ദി ലഡ്ഡൂകള്‍, രക്തചന്ദനം, പായസം, വേൽ, ആപ്പിൾ, മാതളം തുടങ്ങിയവ എന്നിവ സമർപ്പിച്ചാൽ പല ദുരിതങ്ങളും മാറും. ഇപ്പോഴത്തെ ഗ്രഹനില അനുസരിച്ചു അനുയോജ്യമായ വസ്തുക്കൾ സമർപ്പിച്ചാൽ ഫലം പതിന്മടങ്ങ് ഉറപ്പ്.
യഥാവിധി “ഓം ശരവണ ഭവ” എന്ന മന്ത്രം 108,1008 തവണയോ അതില്‍ കൂടുതലോ ജപിക്കുന്നവർക്ക് അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും.
സുബ്രഹ്മണ്യഗായത്രി:
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ തന്വോ
സ്കന്ദഃ പ്രചോദയാത്
കുമാരമന്ത്രം (A):
ഓം നമഃ കുമാരമൂർത്തയേ
സൗഭാഗ്യവർദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ
കുമാരമന്ത്രം (B):
ഓം നമഃ ഷണ്മുഖായ
രുദ്രസൂതായ സുന്ദരാംഗായ
കുമാരായ ശുഭവർണ്ണായ നമഃ
സുബ്രമണ്യ മൂലമന്ത്രം:
ഓം വചത്ഭുവേ നമഃ
ഷഷ്ഠിദേവീ മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യെ സ്വാഹാ
ദ്വാദശനാമ മന്ത്രങ്ങൾ:
ഓം ഷണ്മുഖായ നമഃ
ഓം മയൂര വാഹനായ നമഃ
ഓം മഹീദേവായ നമഃ
ഓം ഗന്ധശൈലാധിവാസായ നമഃ
ഓം ഗുഹായ നമഃ
ഓം സ്കന്ദായ നമഃ
ഓം സുവർണ്ണഭൂഷായ നമഃ
ഓം കാർത്തികേയായ നമഃ
ഓം ഷഡാസ്യായാ നമഃ
ഓം ഗണേശാനുജായ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം മാർഗ്ഗായ നമഃ
ശ്രീസ്കന്ദഷട്കം
ഷണ്മുഖം പാർവതീപുത്രം
ക്രൗഞ്ചശൈലവിമർദനം
ദേവസേനാപതിം ദേവം
സ്കന്ദം വന്ദേ ശിവാത്മജം
താരകാസുരഹന്താരം
മയൂരാസനസംസ്ഥിതം
ശക്തിപാണിം ച ദേവേശം
സ്കന്ദം വന്ദേ ശിവാത്മജം
വിശ്വേശ്വരപ്രിയം ദേവം
വിശ്വേശ്വരതനൂദ്ഭവം
കാമുകം കാമദം കാന്തം
സ്കന്ദം വന്ദേ ശിവാത്മജം
കുമാരം മുനിശാർദൂല
മാനസാനന്ദഗോചരം
വല്ലീകാന്തം ജഗദ്യോനിം
സ്കന്ദം വന്ദേ ശിവാത്മജം
പ്രലയസ്ഥിതികർതാരം
ആദികർതാരമീശ്വരം
ഭക്തപ്രിയം മദോന്മത്തം
സ്കന്ദം വന്ദേ ശിവാത്മജം
വിശാഖം സർവഭൂതാനാം
സ്വാമിനം കൃത്തികാസുതം
സദാബലം ജടാധാരം
സ്കന്ദം വന്ദേ ശിവാത്മജം
സ്കന്ദഷട്കം സ്തോത്രമിദം
യഃ പഠേത് ശൃണുയാന്നരഃ .
വാഞ്ഛിതാൻ ലഭതേ
സദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത്
വ്രതമെടുക്കുന്നവർ ഇതിൽ ഏതെങ്കിലും ഒരു മന്ത്രമോ സ്കന്ദ ഷഷ്‌ടീ കവചമോ എല്ലാ ദിവസവും കഴിയുന്നതും മൂന്നു നേരം ,അല്ലെങ്കിൽ രണ്ടു നേരം ജപിക്കുക
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Everything You Need to Know About Skanda Sashti 2023