ലക്‌നൗ: രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളിൽ നിന്നായി 88 പ്രതിനിധികൾ ദീപോത്സവം കാണാനെത്തിയെന്നും എല്ലാവർക്കും പോസിറ്റീവ് എനർജി പകരുന്നതിനുള്ള ഒരു മാദ്ധ്യമമാണ് ദീപാവലിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീപാവലി ആഘോഷത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ദീപാവലി ദിനത്തിൽ എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു. 54 രാജ്യങ്ങളിലെ പ്രതിനിധികൾക്ക് അയോദ്ധ്യ സന്ദർശിക്കാനുള്ള അവസരം ഞങ്ങൾ ഒരുക്കി കൊടുത്തുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി ദിനത്തോടനുബന്ധിച്ച് അയോദ്ധ്യയിലെത്തിയ യോഗി ആദിത്യനാഥ് ഹനുമാൻ ഗർഹി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി. അയോദ്ധ്യയിലെ രാംലല്ല വിരാജ്മാനും അദ്ദേഹം സന്ദർശിച്ചു. അയോദ്ധ്യയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മഹാ ദീപോത്സവത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു.
ശ്രീലങ്ക, നേപ്പാൾ, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അയോദ്ധ്യയിലെ ദീപോത്സവത്തിൽ രാമലീല അവതരിപ്പിച്ചു. സരയൂ നദിയുടെ തീരങ്ങളിൽ 22 ലക്ഷത്തിലധികം മൺവിളക്കുകളാണ് ഒരേ സമയം തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ചത്. ശ്രീരാമന്റെ 18 നിശ്ചലദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ദീപോത്സവ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുത്തു. നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലും ഭക്തർ പ്രാർത്ഥന നടത്തി. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പുഷ്പവൃഷ്ടിയും നടന്നു.