പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ 2024 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. ഡിസംബർ 16 വരെ അപേക്ഷിക്കാവുന്നതാണ്.
6,9 ക്ലാസുകളിലെ പ്രവേശനത്തിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഓരോ വിഷയത്തിലും 25-ഉം മൊത്തത്തിൽ 40-ഉം ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ഈ വ്യവസ്ഥ ബാധകമല്ല. exams.nta.ac.in/AISSEE/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയും മറ്റുള്ളവർക്ക് 650 രൂപയാണ് അപേക്ഷ ഫീസ്. ഡിസംബർ 16 വരെ ഡെബിറ്റ്- ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ വഴിയോ ഫീസ് അടയ്ക്കാവുന്നതാണ്.
സംസ്ഥാന സർക്കാരുകൾ, പ്രൈവറ്റ് സ്കൂളുകൾ, എൻജിഒകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന 19 പുതിയ സൈനിക് സ്കൂളുകളിലേക്കുള്ള പ്രവേശനവും നടക്കും. എൻടിഎ നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷൻ (AISSEE) വഴിയാകും പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.