പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വെെകീട്ട് അഞ്ചിന് തുറക്കും. ശബരിമല മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൃശ്ചികം ഒന്നു മുതൽ രണ്ട് മാസക്കാലം ശബരിമല പൂങ്കാവനവും പരിസരങ്ങളും ശരണം വിളികളാൽ മുഖരിതമാകും. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. തുടർന്ന് ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ നടത്തും. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുന്നത്. ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീർത്ഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ വീഡിയോ ദൃശ്യവും സജ്ജമാക്കും. മുൻ വർഷം ആരംഭിച്ച ഇ- കാണിക്ക കൂടുതൽ സമഗ്രമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും.
പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, കുമളി, ഏറ്റുമാനൂർ , പുനലൂർ എന്നിവിടങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയായി. പമ്പയിലെ ട്രാൻ ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകര വിളക്ക് വരെ കൂടുതൽ സർവീസുകളും കെഎസ്ആർടിസി നടത്തും. ഇത്തവണയും നിലയ്ക്കൽ കുടിവെള്ളം പദ്ധതിയും എങ്ങും എത്തിയിട്ടില്ല. അതിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരും. പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്റെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല.
ഐസിയു സൗകര്യങ്ങളുൾപ്പെടെ ചികിൽസാ ആവശ്യങ്ങൾക്കായി കൂടുതൽ ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തിര ചികിത്സാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തീർത്ഥാടകർക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താൽക്കാലിക തടയണ നിർമ്മിച്ചിട്ടുണ്ട്.
വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്. മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നതായി അധികൃതർ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് കണ്ട്രോള് റൂമും ഹെല്‍പ്പ് ഡെസ്കും തുടങ്ങിയത്. കണ്ട്രോള് റൂം ഫോൺ നമ്പറുകൾ ഇങ്ങനെ… കളക്ടറേറ്റ് ഇടുക്കി:04862 232242.ചാര്‍ജ് ഓഫീസര്‍: അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, – 9446303036. ടീം അംഗങ്ങള്‍: ഗോപകുമാര്‍ വി ആര്, ജൂനിയര്‍ സൂപ്രണ്ട് – 7907366681, അജി. ബി, സീനിയര്‍ ക്ലര്‍ക്ക് – 9496064718, വിനോജ് വി.എസ്, സീനിയര്‍ ക്ലര്‍ക്ക് -9447324633.