കോഴിക്കോട്: ക്ഷേത്രത്തിൽ വൻ കവർച്ച. മലപ്പറമ്പ് മന്നത്തുകണ്ടി ഭഗവതി കാവിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും ഓഫീസ് മുറിയിലെ അലമാരയും കുത്തിതുറന്നാണ് മോഷണം നടത്തിയത്. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ഇന്ന് പുലർച്ചെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടിയ നിലയിൽ തന്നെയായിരുന്നു. ഭണ്ഡാരങ്ങൾ പൊളിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് മോഷണം നടന്ന വിവരം വ്യക്തമായത്. 50,000 രൂപ, ഒരു ഉരുളി, പൂജാ സാധനങ്ങൾ, വിളക്ക് എന്നിവയാണ് മോഷണം പോയത്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.