മുതുകുളം: ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവ് വത്തിക്കാൻ സിറ്റിയിൽ ബിജെപിയിൽ ചേർന്നതിന്റെ പേരിൽ ക്രൈസ്തവവിശ്വാസികളെ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ വീടുകൾ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരായ യുവമോർച്ച പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പരാതിക്കാരായ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യാനായിരുന്നു കനകക്കുന്നു പോലീസിന്റെ ശ്രമം. ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് നൂറുകണക്കിന് ബിജെപി പ്രവർത്തകർ കനകക്കുന്നു പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. വാദിയെ പ്രതിയാക്കാനുള്ള പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി
കഴിഞ്ഞദിവസം ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ മുതുകുളം ചൂളത്തെരുവിൽ വീടുകൾക്ക് നേരെ നടത്തിയ ആക്രമത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരായ പുത്തൻകണ്ടതിൽ ലിജോ രാജൻ, സുഹൃത്ത് സോബിൻ, ഇവരുടെ അയൽവാസി താഴ്ചയിൽ ബിനോയ് എന്ന വർഗ്ഗീസ് എന്നിവരെയാണ് കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം ബൈക്കുകളിൽ എത്തിയ ആക്രമിസംഘം പുത്തൻകണ്ടതിൽ ലിജോ രാജൻ, താഴ്ചയിൽ ബിനോയ് എന്ന വർഗീസ് എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. അക്രമത്തിൽ കുട്ടിയടക്കം 4പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകളോളം തേർവാഴ്ച നടത്തിയ സി പി എം ഗുണ്ടാ സംഘം വീടുകൾ അടിച്ചു തകർത്തു. വാഹനങ്ങളും തകർക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ അതിക്രമത്തിന് ഇരയായ വത്തിക്കാൻ സിറ്റിയിലെ ക്രൈസ്തവ വിശ്വാസികൾ കനകക്കുന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട് പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. തുടർന്ന് ബിജെപി പ്രവർത്തകൻ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ എത്തി. പരാതിക്കാരെ റിമാൻഡ് ചെയ്യാനുള്ള പോലീസിന്റെ ഗൂഢലക്ഷ്യം മനസിലാക്കിയ ബിജെപി പ്രവർത്തകർ അതിനെ ചോദ്യം ചെയ്തപ്പോൾ പ്രകോപനപരമായ സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ബിജെപി ആരോപിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷാവസ്ഥയുമുണ്ടായി
കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി. കടുത്ത പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും സ്ഥലത്ത് തമ്പടിച്ചു. ബിജെപി ദക്ഷിണ മേഖല പ്രസിഡൻറ് കെ സോമൻ, സംസ്ഥാന കൗൺസിൽ അംഗം പാറയിൽ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ എത്തി പോലീസുമായി ചർച്ച നടത്തി. മർദ്ദനമേറ്റവർക്ക് നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡണ്ട് കെ സോമൻ പറഞ്ഞു. പ്രതിഷേധത്തിന് ബിജെപി കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ്‌കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കാവിലേത്ത്, അജിത് കുമാർ ചിങ്ങോലി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രാജേഷ് എന്നിവർ നേതൃത്വം നൽകി.
മുതുകുളം വത്തിക്കാൻ സിറ്റിയിൽ കോൺഗ്രസിൽ നിന്നടക്കം നിരവധി ക്രൈസ്തവ വിശ്വാസികളാണ് സംഘപരിവാറിൽ ചേർന്നത്. മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ എത്തിയാണ് നൂറ്റമ്പതോളം പേരെ ബിജെപിയിലേക്ക് സ്വീകരിച്ചത്. ഇവരിൽ ഭൂരിഭാഗവും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരായിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയവരെ സിപിഎം കാർ ആക്രമിക്കുന്ന സാഹചര്യമാണ് മുതുകുളത്തും ഹരിപ്പാട് നിയോജക മണ്ഡലത്തിലും ഉള്ളത്. ഇത് കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള അവിഹിത ബന്ധത്തെയാണ് തുറന്നുകാണിക്കുന്നതെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം
അതേസമയം അക്രമത്തിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തതായി കനകക്കുന്ന് പോലീസ് അറിയിച്ചു. കണ്ടല്ലൂർ പുതിയവിള വടക്ക് അമ്പിളി ഭവനത്തിൽ പ്രവീൺ, പത്മനാഭപുരം വീട്ടിൽ ജിജോ രാജ്, മുതുകുളം വടക്ക് ശ്രീജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.