കൊച്ചി: അന്തർ സംസ്ഥാന കുറ്റവാളിയായ മരട് അനീഷിന്റെ കൂട്ടാളികൾ പിടിയിൽ. ചളിക്കവട്ടം സ്വദേശി അഭിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. അസം സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പാണ് കേസിന് ആസ്പദനായ സംഭവം നടന്നത്.
ഇറച്ചി വെട്ടുകാരനായ അസം സ്വദേശിയെ മരട് അനീഷിന്റെ കൂട്ടാളികൾ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ഇയാളുടെ പക്കൽ നിന്ന് പണം കവരുകയുമായിരുന്നു. ഒരു ലക്ഷം രൂപയോളമാണ് പ്രതികൾ കവർന്നത്. അഭിയെ കൂടാതെ നാലു പ്രതികൾ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്ന പ്രതികൾ ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്.
അതേ സമയം കഴിഞ്ഞ ആഴ്ചയായിരുന്നു മരട് അനീഷ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.