ബെംഗളൂരു: വിക്ഷേപിച്ച് 124 ദിവസങ്ങൾക്ക് ശേഷം വിക്ഷേപണ വാഹനമായ LVM3 M4 ന്റെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ എത്തിച്ചതായി ഇസ്രോ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ചതായി ഇസ്രോ അറിയിച്ചു. ഇന്ത്യയിലോ മറ്റ് ആൾതാമസമുള്ള മേഖലയിലോ ഇത് പതിക്കിച്ചിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
ബഹിരാകാശ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധതയാണ് റോക്കറ്റിന്റെ ഭാഗങ്ങൾ സുരക്ഷിതമായി തിരിച്ചെത്തിച്ചതിലൂടെ പ്രകടമാകുന്നതെന്ന് ഇസ്രോ വ്യക്തമാക്കി. അപകടസാധ്യത കുറയ്‌ക്കുന്നതിനായി ചന്ദ്രയാൻ-3ന്റെ ശേഷിക്കുന്ന പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസ്സുകളും പ്രവർത്തന രഹിതമാക്കിയിരുന്നു. ഐക്യരാഷ്‌ട്രസഭയും ഇന്റർ ഏജൻസി സ്പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയും (ഐഎഡിസി) നിർദ്ദേശിച്ച ബഹിരാകാശ അവശിഷ്ടങ്ങൾ ലഘൂകരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നീക്കം.