മുംബൈ: ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയെ പ്രശംസിച്ച് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് കോലിയെന്നും അദ്ദേഹത്തിന്റെ പ്രകടനത്തെ വിലയിരുത്താൻ വാക്കുകളില്ലെന്നുമാണ് വില്യംസൺ പറഞ്ഞത്. സെമി ഫൈനലിൽ ഇന്ത്യയോട് 70 റൺസിന് കീഴടങ്ങിയ ശേഷം സംസാരിക്കുകയാരുന്നു കീവീസ് ക്യാപ്റ്റൻ.
കോലിയാണ് ആധുനിക ക്രിക്കറ്റിലെ മികച്ച താരമെന്നും, ഓരോ മത്സരങ്ങളിലും അദ്ദേഹം കൂടുതൽ മെച്ചപ്പെടുകയാണെന്നും വില്യംസൺ പറഞ്ഞു. അദ്ദേഹം ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്നത് എതിർ ടീമുകളെ ഭയപ്പെടുത്തുന്നുവെങ്കിലും അത് അംഗീകരിക്കാതെ വയ്യ. ഒരു താരത്തെ സംബന്ധിച്ച് സ്വന്തം രാജ്യത്തിന് വേണ്ടി 50 മത്സരങ്ങളിൽ കളത്തിലിറങ്ങിയെന്നുളളത് അഭിമാനകരമായ കാര്യമാണ്. അത് പോലെ തന്നെ അവിശ്വസനീയമായ നേട്ടമാണ് 50 സെഞ്ച്വറികൾ നേടുന്നതും. ഈ നേട്ടത്തെ പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും വില്യംസൺ പറഞ്ഞു. കോലി ടീമിന് വിജയം സമ്മാനിക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നതെന്നും വില്യംസൺ കൂട്ടിച്ചേർത്തു.
വൺ ഡൗണായി ക്രീസിലെത്തിയ കോലി ഇന്നലെ ചരിത്രസെഞ്ച്വറി നേടി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമായ കോലി ക്രിക്കറ്റ് ദൈവം സച്ചിനെയാണ് മറികടന്നത്. മത്സരത്തിൽ 113 പന്തുകളിൽ ഒൻപത് ഫോറും രണ്ട് സിക്‌സുമടക്കം 117 റൺസാണ് കോലിയുടെ സമ്പാദ്യം.