കോഴിക്കോട്: പാളയത്ത് തന്നെ മാർക്കറ്റ് തുടർന്നാൽ മതിയെന്ന് വ്യാപാരികൾ. പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിരെയുളള നിലപാടിൽ പിന്നോട്ട് പോകില്ല. തങ്ങളുടെ ആവശ്യം മേയറെ അറിയിച്ചിട്ടുണ്ടെന്നും പരിഗണിക്കാമെന്ന് കോർപറേഷൻ ഉറപ്പ് കിട്ടിയതായും വ്യാപാരികൾ പറഞ്ഞു. മേയറുമായുളള ചർച്ചകൾക്ക് ശേഷമായിരുന്നു വ്യാപാരികളുടെ പ്രതികരണം.
അഞ്ഞൂറോളം കടകളാണ് പാളയം മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. തുടർ ചർച്ചകൾക്ക് ശേഷം കോർപ്പറേഷൻ തീരുമാനം അനുസരിച്ച് മുന്നോട്ടുളള നടപടികൾ സ്വീകരിക്കും. വിഷയത്തിൽ വ്യാപാരികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരേയും പുനരധിവസിപ്പിക്കുമെന്നും മേയർ അന്ന് ഉറപ്പ് നൽകിയിരുന്നു. നേരത്തെ മാർക്കറ്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടയടപ്പ് സമരമടക്കം നടത്തിയിരുന്നു
കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാർക്കറ്റ് മാറ്റാനുള്ള പ്രവൃത്തികൾ പൂർത്തിയാകാനിരിക്കെയാണ് വ്യാപാരികൾ പ്രതിഷേധം ആരംഭിച്ചത്. ഇത് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാർഗം ഇല്ലാതാക്കുമെന്നും പാളയത്ത് തന്നെ കൂടുതൽ സൗകര്യം ഒരുക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. പാളയത്ത് നിന്ന് മാർക്കറ്റ് മാറ്റി സ്ഥാപിച്ചാൽ അത് വ്യാപാരത്തെ സാരമായി ബാധിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.