മലയാളികളുടെ മനസിൽ നിന്നും മായാത്ത എവർഗ്രീൻ നായികമാരിൽ ഒരാളാണ് മാധവി. ആകാശദൂത് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മാധവി മലയാളി മനസുകളിൽ ചേക്കേറിയത്. വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം പിന്നീട് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബിസിനസുകാരനായ ഭർത്താവ് റാൽഫ് ശർമ്മയ്‌ക്ക് ഒപ്പം അമേരിക്കയിലാണ് താരം ഇപ്പോൾ താമസം. പ്രിസില, ഈവ്‌ലിൻ, ടിഫാനി എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.
തെലുങ്കിലൂടെ തുടങ്ങി തമിഴിലും മലയാളത്തിലുമായി തിളങ്ങുകയായിരുന്നു മാധവി. ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പറഞ്ഞുള്ള മാധവിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ”ഓർമ്മകൾ! രജനി കാന്തിനൊപ്പമുള്ള ഈ ഫോട്ടോ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച “ഉൺ കണ്ണിൽ നീർ വാഴിതാൾ” എന്ന തമിഴ് സിനിമയിലേതാണിത്. ബാലു മഹേന്ദ്രനായിരുന്നു സംവിധാനം ചെയ്‌തത്. ”- നടി കുറിച്ചു.
രവിയും, പത്മയുമായാണ് രജനീകാന്തും മാധവിയും ഈ ചിത്രത്തിൽ വേഷമിട്ടത്. ഊട്ടിയില്‍ വെച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. അടുത്ത സുഹൃത്തായ ബാബുവിന്റെ കൊലപാതകവും, പ്രതിയാണെന്നാരോപിച്ച് രവിയുടെ ജോലി പോവുന്നതും, തന്റെ നിരപരാധിത്വം അദ്ദേഹം തെളിയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വർഷങ്ങൾക്ക് ശേഷം താരം പങ്കുവെച്ച ഈ ചിത്രം വെെറലാകുകയാണ്.