ഗ്രീൻപീസ് അഥവ പച്ചപ്പട്ടാണി. എല്ലാവർക്കും സുപരിചിതമായ പയറുവർഗമാണിത്. പലരും ഗ്രീൻപീസ് കഴിക്കാറുണ്ടെങ്കിലും പലർക്കും ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയില്ല. നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഗുണം ചെയ്യുന്ന ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ പീസ്.
100 ഗ്രാം ഗ്രീൻ പീസിൽ 78 കാലോറി മാത്രമാണുള്ളത്. ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിർത്താനോ ശ്രമിക്കുന്ന ആളുകളെ ഗ്രീൻപീസ് സഹായിക്കും. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. വൈറ്റമിൻ സി സമ്പന്നമാണ് ഗ്രീൻപീസ്. കൊഴുപ്പ് കുറഞ്ഞ പയറുവർഗമായതിനാൽ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും. വാർദ്ധക്യത്തിൽ തിമിരം, മാക്യുലർ ഡീജനറേഷൻ അല്ലെങ്കിൽ കാഴ്ച നഷ്ടപ്പെടൽ എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഗ്രീൻ പീസിൽ അടങ്ങിയിട്ടുള്ള ല്യൂട്ടിൻ സഹായിക്കുന്നു.
സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻപീസ്. പേശി ടിഷ്യു നിർമ്മിക്കാനും നന്നാക്കാനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് പ്രോട്ടീൻ. വേവിച്ച അര കപ്പ് ഗ്രീൻ പീസിൽ 5 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. ഗ്രീൻപീസിലെ നാരുകൾ ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണെങ്കിലും ഗ്രീൻപീസ് കഴിക്കുമ്പോൾ സൂക്ഷിക്കണം. കാരണം ഇതിലടങ്ങിയിരിക്കുന്ന ലെക്ടിനുകളും ഫൈറ്റിക് ആസിഡും ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം. അതുകൊണ്ട് മിതമായ അളവിൽ മാത്രമാകണം ഗ്രീൻപീസ് കഴിക്കാൻ.