തിരുവനന്തപുരം: ലൈഫ് പദ്ധതിയ്‌ക്ക് കീഴിൽ നിർമ്മിക്കുന്ന ലൈഫ് ഫ്‌ളാറ്റിന്റെ നിർമ്മാണം ഇഴയുന്നു. 39 എണ്ണത്തിൽ നാല് ഫ്‌ളാറ്റുകളുടെ നിർമ്മാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. നിർമ്മാണ സാമഗ്രികളുടെ വില ഉയരുന്നതിനാൽ ഏറെ നാളായി നിർമ്മാണ കമ്പനികൾ സർക്കാരിനോട് കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ ആവശ്യം അംഗീകരിക്കാത്തതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതെന്ന് കമ്പനികൾ വ്യക്തമാക്കി.
സ്വകാര്യ സംരംഭകരുടെയും കോർപ്പറേറ്റ് കമ്പനികളുടെയും സഹായത്തോടെ ഫ്‌ളാറ്റുകൾ നിർമ്മിക്കാനാണ് ആദ്യഘട്ട നിർമ്മാണത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വടക്കാഞ്ചേരി ഫ്‌ളാറ്റ് വിവാദങ്ങൾ ഉയർന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലായി. 39 ഇടങ്ങളിൽ ഫ്‌ളാറ്റുകൾ പ്രഖ്യാപിച്ചെങ്കിലും 29 ഇടങ്ങളിലാണ് കരാർ വെയ്‌ക്കാൻ സാധിച്ചത്. ഹൈദരാബാദിലെ പെന്നാർ, അഹമ്മദാബാദിലെ മിറ്റ്‌സുമി, ഡൽഹിയിലെ സുരി, ലക്ഷ്മി തുടങ്ങിയ കമ്പനികളാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
40 ശതമാനം വരെ കരാർ തുക ഉയർത്തണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇതേ കുറിച്ച് വിശദമായ പഠനം നടത്താൻ പ്രത്യേക സമിതിയെ രൂപീകരിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ തുക ഉയർത്തുന്നിതിനുള്ള അനുമതി ധനവകുപ്പ് നൽകിയില്ല. ഇതോടെയാണ് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാതെ കമ്പനികൾ നിർമ്മാണം അവസാനിപ്പിച്ചത്.