ബാഴ്സ: പോപ് ഗായികയും സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാദ് പീകെയുടെ മുന്‍ പങ്കാളിയുമായ ഷക്കീറയ്‌ക്ക് കെണിയായി നികുതി തട്ടിപ്പ് ആരോപണം. കേസില്‍ കൊളംബിയന്‍ സൂപ്പര്‍ താരത്തെ സ്പാനിഷ് കോടതി വിചാരണ ചെയ്യും. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10നു ഷക്കീറയുടെ കേസില്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. ഡിസംബര്‍ 14 വരെയാണ് വിചാരണ. 120 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഷക്കീറ നിഷേധിച്ചു. എട്ടുവര്‍ഷവും രണ്ടു മാസവും 218 കോടിയും പിഴയും ഗായികയ്‌ക്ക് നല്‍കണമെന്ന് അഭിഭാഷകര്‍ വാദിച്ചു.
2012നും 2014നും ഇടയില്‍ നേടിയ വരുമാനത്തിനു നികുതിയടയ്‌ക്കാതെ സ്‌പെയിന്‍ സര്‍ക്കാരിന് 14.5 ദശലക്ഷം യൂറോ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ 2015ലാണ് സ്‌പെയിനിലേക്കു സ്ഥിരമായി താമസം മാറിയെന്ന് അവകാശപ്പെട്ട ഷക്കീറ ആരോപണം നിഷേധിച്ചു.ബാര്‍സിലോനയുടെ മുന്‍ താരം ജെറാര്‍ദ് പീകെയുമായുള്ള ബന്ധം 2011ല്‍ പരസ്യമായതിന് ശേഷം ഷക്കീറ സ്പെയിനിലേക്ക് താമസം മാറിയെന്ന് അവര്‍ പറയുന്നു. 2015 വരെ ബഹാമാസില്‍ വസതിയുണ്ടായിരുന്നെന്നും പറയുന്നു.
സ്‌പെയിനില്‍ നികുതി അടയ്‌ക്കാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷക്കീറ നീങ്ങിയതെന്ന് പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ ആരോപിച്ചു. എന്നാല്‍ 2014 വരെ ഷക്കീറ ‘നാടോടി ജീവിതം’ ആണ് നയിച്ചിരുന്നതെന്നും രാജ്യാന്തര ടൂറുകളില്‍നിന്നാണ് സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നേടിയതെന്നും ഷക്കീറയുടെ അഭിഭാഷകര്‍ വാദിച്ചു. 2015 ജനുവരിയില്‍ രണ്ടാമത്തെ മകന്‍ ജനിക്കുന്നതിന് തൊട്ടുമുന്‍പാണ് താരം ബാര്‍സിലോനയിലേക്ക് സ്ഥിരമായി താമസം മാറിയതെന്നും അവര്‍ പറഞ്ഞു.ഷക്കീറയും ജെറാര്‍ദ് പീക്കെയും 2022 ജൂണിലാണ് വേര്‍പിരിഞ്ഞത്. മിലന്‍, സാഷ എന്നീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പം ഏപ്രിലില്‍ ഷക്കീറ മയാമിയിലേക്ക് താമസം മാറി.