ന്യൂഡൽഹി : കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം അടുത്ത ആഴ്ച ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ക്രൂഡ് ഓയിൽ ഉത്പാദനം . ഇത് ഇന്ത്യയ്‌ക്ക് പ്രതിവർഷം ഏകദേശം 11,000 കോടി രൂപയുടെ നേട്ടമാണ് നൽകുക . ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണിപ്പോൾ. ഈ ഇറക്കുമതി നല്ലൊരു പരിധി വരെ കുറയ്‌ക്കാനാകുമെന്നാണ് റിപ്പോർട്ട്.
2028-2030 ഓടെ പെട്രോകെമിക്കൽ പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപ ചിലവാകുമെന്നാണ് ഒഎൻജിസി വ്യക്തമാക്കുന്നത്.കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ (എംപിഎൻജി) ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
ആഭ്യന്തര ഉൽപ്പാദനത്തിലെ വർധന ക്രൂഡ് ഓയിൽ ഇറക്കുമതി ചിലവ് കുറയ്‌ക്കാൻ സഹായിക്കും. നിലവിലെ ബ്രെന്റ് ക്രൂഡ് വില 77.4 ഡോളറാണ് . ഈ ഉൽപ്പാദനം കൊണ്ട് മാത്രം പ്രതിദിനം 29 കോടി ലാഭിക്കും . വാർഷികാടിസ്ഥാനത്തിൽ ഇത് 10,600 കോടി രൂപ കവിയും.
ആന്ധ്രാപ്രദേശ് തീരത്ത് നിന്ന് 35 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ 3,200 മീറ്റർ വരെ ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് ക്ലസ്റ്ററുകളായാണ് ഇവയെ തിരിച്ചിരിക്കുന്നത് . പ്രാരംഭ ഘട്ടത്തിൽ പ്രതിദിനം 8,000 മുതൽ 9,000 ബാരൽ വരെ ഉൽപ്പാദനം ഉണ്ടാകും.