ഇന്ത്യൻ മാദ്ധ്യമപ്രവർത്തകന് യുഎസിൽ പേറ്റന്റ് ലഭിച്ചു. മാദ്ധ്യമപ്രവർത്തകർക്കും ന്യൂസ് റൂമുകൾക്കും പ്രയോജനകരമാകുന്ന വിധത്തിൽ ഒരു വർച്വൽ ന്യൂസ് റൂം സിസ്റ്റം വികസിപ്പിച്ചതിന് പിന്നാലെയാണ് പേറ്റന്റ് ലഭിച്ചത്. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചീഫ് യുഎസ് കറസ്പോണ്ടന്റ് ആയ ലളിത് ഝായ്‌ക്കും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഓം ഝായ്‌ക്കുമാണ് പേറ്റന്റ് ലഭിച്ചത്.
2023-ലെ സിഷൻ ഗവേഷണ റിപ്പോർട്ടിൽ പറയുന്ന പത്രപ്രവർത്തകരും ന്യൂസ് റൂമുകളും നേരിടുന്ന പ്രധാന ആശങ്കകൾ അഭിസംബോധന ചെയ്യുന്ന വർച്വൽ ന്യൂസ് റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. മികച്ച ഉള്ളടക്കവും കൃത്യത ഉറപ്പുവരുത്താനാകുന്നതും വിശ്വസ്തത നിലനിർത്താനാകുന്നതുമായ സംവിധാനമാണ് തയാറാക്കിയത്. കൂടാതെ വ്യാജ വാർത്തകളും ഇതിൽ പെടുന്നു. ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവർത്തകർക്ക് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം മുഖേന പരിധികളില്ലാതെ ഉള്ളടക്ക കൈമാറ്റം സാധ്യമാകുന്ന വർച്വൽ ന്യൂസ് സംവിധാനമാണിത്.
മാദ്ധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും അവരുടെ ഉള്ളടക്കങ്ങൾ വിൽക്കുന്നതിനും ആവശ്യമായവ വാങ്ങുന്നതിനും ഇതിലൂടെ സാധ്യമാകും. പേറ്റന്റ് ലഭിച്ച ഈ വർച്വൽ ന്യൂസ് റൂമിന്റെ പിന്തുണയിലാണ് 5ഡബ്ല്യൂഎച്ച് (5WH) എന്ന ന്യൂസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം. ലളിത് ഝാ, വെങ്കട വെമുരി, ആശുതോഷ് ഷർമ എന്നിവരാണ് 5ഡബ്ല്യൂഎച്ചിന് നേതൃത്വം നൽകുന്നത്. വാർത്തകളുടെ വിശ്വാസ്യത പരിശോധിക്കുന്നതിന് വേണ്ടി നിർമിതബുദ്ധിയും മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യയും ഈ വർച്വൽ ന്യൂസ് റൂമിൽ ഉപയോഗിച്ചിട്ടുണ്ട്.