മുംബൈ: നവംബർ 23-ന് വ്യാഴാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, കെ എൽ രാഹുൽ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുള്ള പരമ്പരയിൽ യുവതാരങ്ങളാണ് ഏറെയും. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക.ഋതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റൻ. ടി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിനൊപ്പം ഇല്ലാത്ത ശ്രേയസ് അയ്യരാണ് അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക.
ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ കഴിയാതിരുന്ന മലയാളി താരം സഞ്ജു വി സാംസൺ ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയ്‌ക്കുള്ള ടീമിൽ ഉൾപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ലോകകപ്പിന് പിന്നാലെ ടി-20 പരമ്പരക്കുള്ള ടീമിലും സഞ്ജവിനെ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയത്. പരിക്ക് മൂലം ലോകകപ്പ് നഷ്ടമായ അക്‌സർ പട്ടേലും ടീമിൽ തിരിച്ചെത്തി. 23ന് വിശാഖപട്ടണത്താണ് ആദ്യ ടി-20 മത്സരം. 26ന് തിരുവനന്തപുരത്തും, 28-ന് ഗുവാഹത്തിയിലും ഡിസംബർ ഒന്നിന് റായ്പൂരിലും, മൂന്നിന് ബെംഗ്‌ളൂരുവിലുമാണ് മറ്റ് മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ.