മലപ്പുറം: കുറുനരിയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. മലപ്പുറം പെരുവള്ളൂരിലാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. വളർത്തുമൃഗങ്ങളെയും നാട്ടുകാരെയും ആക്രമിച്ച കുറുനരിയെ തെരുവുനായകൾ കടിച്ചു കൊന്നു. കുറുനരിക്ക് പേവിഷബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു.
കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പശു, വളർത്തുനായ, ആട് എന്നീ വളർത്തുമൃഗങ്ങൾക്ക് കുറുനരിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടിയേറ്റ വളർത്തു മൃഗങ്ങളെ വെറ്ററിനറി ഡോക്ടറെത്തി പരിശോധിച്ചു.
കുറുനരിയുടെ ജഡം വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കുറിനരിക്ക് പേവിഷ ബാധയുണ്ടായിരുന്നതായി കണ്ടെത്തിയത്.