തിരുവനന്തപുരം: റെയിൽവേ ട്രാക്കുകൾ നവീകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. നിലവിലുള്ള പാളങ്ങൾ മാറ്റി ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായാൻ കഴിയുന്ന വിധത്തിലുള്ള ട്രാക്കുകളാണ് നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കൊച്ചുവേളി മുതൽ പേട്ട വരെ പുരോഗമിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള പാളങ്ങളാണ് കഴിഞ്ഞ ദിവസം പേട്ടയിലെത്തിച്ചത്. ചെന്നൈയിലെ ശാന്താ കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് പാളങ്ങൾ നവീകരിക്കുന്നതിനായി കരാർ എടുത്തിരിക്കുന്നത്. നിലവിൽ 52 ഗേജുള്ള ഇരുമ്പ് പാളങ്ങൾ കൊണ്ടാണ് ട്രാക്കുകൾ നിർമ്മിച്ചിട്ടുള്ളത്. ഇത് മാറ്റി 60 ഗേജുള്ള ഇരുമ്പ് പാളമാണ് പുതുക്കി പണിയാൻ റെയിൽവേ ഉദ്ദേശിക്കുന്നത്. പാളങ്ങളുടെ പണി പൂർത്തിയാകുന്നതുവരെ ഈ റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനുകളുടെ സമയം ക്രമീകരിച്ചായിരിക്കും ഓടുകയെന്ന് അധികൃതർ അറിയിച്ചു.