പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രമാണ് അമർ അക്ബർ ആന്റണി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നമിത പ്രമോദ് ആയിരുന്നു നായിക. 2015ൽ പുറത്തിറങ്ങിയ ചിത്രം പറഞ്ഞ പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്നാണ് റിപ്പോർട്ടുകൾ.
സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ വിഷ്ണുവാണ് രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ ആന്റണിക്ക് തിരക്കഥ ഒരുക്കിയത്. ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ആയിരുന്നു രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം.
‘അമർ അക്ബർ അന്തോണിയുടെ ഒരു സീക്വൽ നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്. കാര്യങ്ങൾ എല്ലാം ശരിയായി കഴിയുമ്പോൾ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു വിഷ്ണു പറഞ്ഞത്.