അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ആകാംക്ഷയോടെ ലോകം കാത്തിരിക്കുകയാണ്. ജനുവരി 22 നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. മാസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്കൾക്ക് വേദിയാകാൻ തയ്യാറെടുക്കുകയാണ് അയോദ്ധ്യ.
വളരെ വിശേഷപ്പെട്ട ആചാരങ്ങളോടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. സനാതന ധർമ്മം എത്തിച്ചേർന്നിട്ടുള്ള എല്ലാ പുണ്യഭൂമികളെയും പ്രതിനിധീകരിക്കുന്നതാകും പ്രാണപ്രതിഷ്ഠാ ചടങ്ങെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പുണ്യനദികളിൽ നിന്നുള്ള ജലവും ഹിന്ദുദേശങ്ങളിൽ നിന്നുള്ള മണ്ണും അയോദ്ധ്യയിൽ എത്തിക്കുന്ന കർമ്മം പുരോഗമിക്കുകയാണ്. വിശ്വഹിന്ദു പരിഷത്താണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്.
ഹിന്ദു സംസ്‌കാരത്തിന് വളരെ വേരോട്ടമുള്ള രാജ്യമാണ് തായ്ലാൻഡ്. ആയതിനാൽ തായ്ലൻഡിൽ നിന്നും പ്രതീകാത്മകമായി മണ്ണെത്തിക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരുന്നു. ഈ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് വിശ്വഹിന്ദുപരിഷത്ത് തായ്ലാൻഡ് ഘടകം. തായ്‌ലൻഡിൽ നിന്നുള്ള മണ്ണ് രാമജന്മഭൂമിയിലേക്ക് അയക്കുമെന്ന് തായ്‌ലാൻഡിലെ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് സുശീൽ കുമാർ ഷറഫ് അറിയിച്ചു.
”തായ്‌ലാൻഡിന് ഭാരതവുമായി വളരെ ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമാണുള്ളത്. തായ്‌ലാൻഡിലെ രണ്ട് നദികളിൽ നിന്നുള്ള ജലം ഇതിനകം തന്നെ അയോദ്ധ്യയിലേക്ക് അയച്ചിട്ടുണ്ട്. ഇനി ഇവിടെ നിന്നുള്ള മണ്ണും ഉടനെ അയക്കുന്നതാണ്. ഇന്ത്യയുമായുള്ള തായ്‌ലൻഡിന്റെ ബന്ധം കൂടുതൽ ദൃഢമാകും. ഹിന്ദുമത ആചാര്യനായിട്ടുള്ള ഗോവിന്ദ് ബ്രിജ് മഹാരാജിന് മണ്ണ് കൈമാറും.” സുശീൽ കുമാർ ഷറഫ് പറഞ്ഞു.
തായ്‌ലാൻഡ്, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ രാമായണം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. തായ് പതിപ്പായ രാമായണം രാംകീൻ എന്നാണ് അറിയപ്പെടുന്നത്.
അടുത്ത വർഷം ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2020 ആഗസ്റ്റ് 5-നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. അടുത്ത വർഷം ക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.















