ആലപ്പുഴ: ഹരിപ്പാട് അയൽവാസികളായ യുവാക്കൾ തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ആറാട്ടുപുഴ കാപ്പൂരി കാട്ടിൽ സദ്ദാമിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആക്രമണം നടത്തിയ പ്രതി അൻഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ സദ്ദാമിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ നിന്നും അൻഷാദ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇരുവരും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു.
തർക്കത്തിനൊടുവിൽ ബൈക്കിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അൻഷാദ് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവ് ഐഷാ ബായിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.