കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഡിസംബർ മൂന്നിന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ട് മണി വരെയാണ് വൈക്കം നഗരസഭയിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്. കോട്ടയം ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരിയാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വൈക്കം നഗരസഭയിൽ മദ്യവിൽപ്പനശാലകൾ തുറക്കാനും പ്രവർത്തനം നടത്താനും പാടില്ലെന്നും മറ്റ് ലഹരിവസ്തുക്കൾ വിൽപ്പന നടത്തരുതെന്നും കളക്ടര്‍ അറിയിച്ചു. നിരോധനം ലംഘിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.