പാലക്കാട്: സ്കൂളിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. പാലക്കാട് തച്ചമ്പാറ സെന്റ് ഡൊമനിക്ക് സ്കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചെത്തിയ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വിഷബാധയേറ്റ പത്തോളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം.
മലമ്പുഴ ഫാന്റസി പാർക്കിലേക്കാണ് വിദ്യാർത്ഥികളുമായി അദ്ധ്യാപകർ വിനോദയാത്ര പോയത്. എല്ലാ വിദ്യാർത്ഥികൾക്കും വയറിളക്കവും ക്ഷീണവും അനുഭവപ്പെട്ടു. വാട്ടർ തീം പാർക്കിൽ നിന്നാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയത്. കഴിഞ്ഞ ദിവസമാണ് 225 വിദ്യാർത്ഥികളുമായി അദ്ധ്യാപകർ മലമ്പുഴയിലേക്ക് പഠനയാത്ര പോയത്.