ചെന്നൈ: തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി. പുരുഷൻമാർ മുണ്ടും ഷർട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും ധരിക്കണം. സ്ത്രീകൾക്ക് സാരി, ഹാഫ് സാരി, ചുരിദാർ എന്നിവ ധരിക്കാം. കുട്ടികൾ പൂർണമായും മൂടിയ വസ്ത്രം ധരിച്ച് വേണം ദർശനത്തിനെത്താൻ. ക്ഷേത്രത്തിനുള്ളിൽ ഹാഫ് ട്രൗസർ, ലെഗ്ഗിംഗ്സ് പോലുള്ള വസ്ത്രങ്ങൾ അനുവദനീയമല്ല.
ഇതര സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവരുടെ വസ്ത്രധാരണം സംബന്ധിച്ച് പരാതികൾ ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
ചരിത്രപരമായും നിർമ്മാണത്തിലെ വൈവിധ്യം കൊണ്ടും ശിവപ്രതിഷ്ഠയാലും പ്രസിദ്ധമാണ് തമിഴ്നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ ജില്ലയിലെ ബൃഹദീശ്വര ക്ഷേത്രം. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിന് 216 അടി ഉയരവും 14 നിലകളുമുണ്ട്. 12 വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ പുണ്യ ക്ഷേത്രം. ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട് ഈ ക്ഷേത്രം. ചോള കാല തമിഴ് വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണമാണ് ഈ ക്ഷേത്രം.