ബെംഗളൂരു: ബെംഗളൂരുവിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. നഗരത്തിലെ 15 സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. സ്കൂളുകളുടെ പരിസരത്ത് സ്ഫോടക വസ്തുക്കൾ വച്ചിരിക്കുന്നതായി ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ സ്കൂളുകളിൽ നിന്നും കുട്ടികളെ ഒഴിപ്പിച്ചു.
സംഭവം നടന്ന ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായ തരത്തിൽ സ്കൂളുകളുടെ പരിസരങ്ങളിൽ നിന്നും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സ്ഥാപനത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമായിരുന്നു ഭീഷണി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന് ഇ-മെയിൽ വഴിയായിരുന്നു സന്ദേശം ലഭിച്ചത്. ഇത് വ്യാജ ഭീഷണിയാകാമെന്നും പരിശോധനകൾ ഉടൻ തന്നെ പൂർത്തിയാകുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.