ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടത്തിന് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി ഇൻഡി മുന്നണി കക്ഷികൾ. തോൽവിക്ക് കാരണം കോൺഗ്രസിന്റെ അമിതാവേശമാണെന്നും, സീറ്റ് വിഭജനത്തിന് തയ്യാറാകാത്തത് ബിജെപിക്ക് വിജയം വർദ്ധിപ്പിച്ചു എന്നുമാണ് ഇൻഡി മുന്നണി അംഗങ്ങളുടെ പരാതി.
തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രൂക്ഷമായാണ് കോൺഗ്രസിനെ വിമർശിച്ചത്. ഇത് കോൺഗ്രസിന്റെ മാത്രം തോൽവിയാണ്, ജനങ്ങളുടെ തോൽവിയായി കാണിക്കാൻ ശ്രമിക്കണ്ടയെന്നും മമത വിമർശിച്ചു. ഇൻഡി മുന്നണിയിലെ മറ്റ് അംഗങ്ങളെ കോൺഗ്രസ് കണക്കിലെടുത്തില്ല. മുന്നണി മര്യാദ കാണിക്കാതെ ഒറ്റക്ക് മത്സരിക്കുകയായിരുന്നു, മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക് നേരിടാനുള്ള കോൺഗ്രസിന്റെ തീരുമാനം ബിജെപിക്ക് ഗുണം ചെയ്തു.
സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നു. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവ കോൺഗ്രസിന് നേടാമായിരുന്നു. വോട്ടുകൾ ചോരാൻ കാരണം മുന്നണിയിലെ തന്നെ മറ്റു പാർട്ടികളാണ്. അവരെ വിശ്വാസത്തിലെടുക്കാതിരുന്നതാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണം. ബിജെപിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകേണ്ടത് പ്രാദേശിക പാർട്ടികളാണെന്നും അഖിലേഷ് പറഞ്ഞു.