എറണാകുളം: സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം സ്വദേശി അജ്മൽ (28)ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അജ്മലിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അജ്മൽ തൂങ്ങിമരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് മരണം സൂചിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.
അജ്മൽ ദുബായിൽ ആയിരുന്നുവെന്നും എന്നാൽ അവിടെ നിന്ന് ജോലി ലഭിക്കാത്തതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു. അജ്മൽ മുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടതോടെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം ആലുവ പോലീസിന് കൈമാറിയിട്ടുണ്ട്.