നമുക്ക് സുലഭമായി കിട്ടുന്ന പഴ വർഗ്ഗങ്ങളിൽ ഒന്നാണ് പേരയ്‌ക്ക.നല്ല ആരോഗ്യത്തിനു സഹായകമായ നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പേരയ്‌ക്ക. മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടുന്നതിന് ആവശ്യമായ വൈറ്റമിൻ സിയുടെ കലവറയാണ് പേരയ്‌ക്ക. അറിയാം പേരയ്‌ക്കയുടെ ആരോഗ്യ ഗുണങ്ങൾ ..

പേരയ്‌ക്ക കഴിക്കുന്നതിലൂടെ അണുബാധ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷനേടാനാകും. കാരണം പേരയ്‌ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വൈറ്റമിൻ – സി അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിലുള്ള ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്‌ക്കയ്‌ക്കുണ്ട്. ആന്റിമൈക്രോബിയൽ ഗുണങ്ങളുമുണ്ട്.
മനുഷ്യ ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിർവ്വീര്യമാക്കാനും കുറയ്‌ക്കാനും സഹായിക്കുന്ന
ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളമായി പേരയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയ്‌ക്കയിൽ സോഡിയവും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൈപ്പർടെൻഷൻ കുറയ്‌ക്കുന്നതിനും സഹായിക്കും.

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പേരയ്‌ക്ക വിശപ്പ് കുറയ്‌ക്കാൻ സാഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കാനും പേരയ്‌ക്ക സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഡയറ്റിൽ ഉപയോഗിക്കാവുന്ന നല്ലൊരു ഫലമാണ് പേരയ്‌ക്ക.ഇതിനൊക്കെ പുറമെ മറ്റ് പഴങ്ങളെ അപേക്ഷിച്ച് പേരയ്‌ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവുമാണ്.















