വീട്ടിലൊരു വാഴയുണ്ടെങ്കിൽ പലവിധ ഗുണങ്ങളാണുള്ളത്. വാഴക്കൂമ്പും വാഴക്കായും പഴവും പിണ്ടിയും എന്തിനേറെ വാഴയില വരെ നിരവധി ഗുണങ്ങളാണ് നൽകുന്നത്.
ഇതിൽ കറയെന്ന് കരുതി പലരും കറി വെക്കാൻ മടിക്കുന്ന ഒന്നാണ് പച്ചക്കായ. മുഖ്യകാരണം അതിന്റെ തൊലി കളഞ്ഞെടുക്കുന്നതാണ്. മെഴുക്കു പുരട്ടി, തോരൻ, അവിയൽ, ബജ്ജി, കായ വറുത്തത്, എന്ന് തുടങ്ങി കായയുടെ തൊലി കൊണ്ട് തോരൻ വരെ ഉണ്ടാക്കാവുന്നതാണ്. കറി വെക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും പച്ചക്കായയുടെ തൊലി ഉപകരാപ്രദമാണ്.
മുഖത്തിന് നിറം ലഭിക്കാനായി കഴിയുന്നതെന്തും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. പച്ചക്കായയുടെ തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് നിറം വെക്കാൻ സഹായിക്കും. മുറിവിന്റെ പാടുകളും മറ്റും മാറാനും പച്ചക്കായ തൊലി സഹായിക്കും. തൊലിക്കൊപ്പം ആപ്പിൾ സിഡർ വിനേഗറും മിക്സ് ചെയ്ത് തേച്ചാൽ ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം കണ്ടെത്താം.
മഞ്ഞപ്പല്ലിൽ നിന്ന് രക്ഷതേടാനും പച്ചക്കായ സഹായിക്കും. രാവിലെ പച്ചക്കായയുടെ തൊലി ഉപയോഗിച്ച് പല്ല് തേക്കുകയെ വേണ്ടൂ. അരിമ്പാറ കളയാനും പച്ചക്കായയുടെ തൊലി സഹായിക്കും. അരിമ്പാറ ഉള്ള സ്ഥലത്ത് പച്ചക്കായയുടെ തൊലി ചെറുതായി സെല്ലോ ടേപ്പ് വെച്ച് ഒട്ടിച്ച് വെക്കുക. അര മണിക്കൂറിന് ശേഷം എടുത്തുമാറ്റുക. ക്രമേണ അരിമ്പാറയും തൊലിക്കൊപ്പം പോകും.
ദിവസവും പച്ചക്കായ കഴിക്കുന്നതിലൂടെ ശരീരത്തിന് കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമായതിനാൽ വൃക്കയുടെ മികച്ച പ്രവർത്തനം ഉറപ്പുനൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകളുടെ കലവറ ആയതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. നിരവധി ഗുണങ്ങളുള്ള പച്ചക്കായ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനേറെ ഗുണം ചെയ്യും.















