ശ്രീനഗർ : പുൽവാമയിൽ 40 ജവാന്മാരുടെ വീരമൃത്യൂവിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഔറംഗസേബ് ആലംഗീറിനെ പാകിസ്താനിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയി . ഇസ്ലാമാബാദിന് സമീപമുള്ള ഹാഫിസാബാദിലാണ് സംഭവം. ഹാഫിസാബാദിൽ നിന്ന് ദേര ഗാജി ഗുലാമിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ഔറംഗസേബിനെ അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു . സംഭവത്തിന് ശേഷം ഔറംഗസേബിന്റെ ബൈക്ക് പ്രദേശത്ത് നിന്ന് കണ്ടെടുത്തു.
ഔറംഗസേബ് കുറച്ചുകാലം ഹാഫിസാബാദിൽ ഒളിവിലായിരുന്നു. തീവ്രവാദ വിരുദ്ധ യുഎപിഎ നിയമപ്രകാരം ഇന്ത്യ തേടുന്ന കുറ്റവാളിയാണ് ഔറംഗസേബ് . 2019ൽ പുൽവാമ ആക്രമണത്തിൽ 40 സിആർപിപി ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ ഭീകരാക്രമണം രാജ്യത്തുടനീളം ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരവാദികൾക്കെതിരെ ലോകരാജ്യങ്ങൾ ഒന്നടങ്കം കർശന നടപടി ആവശ്യപ്പെട്ടിരുന്നു.
അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്‌ക്കു സമീപമായിരുന്നു ആക്രമണം. ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.
പിന്നാലെയെത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപറ്റി. പൂർണമായി തകർന്ന 76–ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി.