പാലക്കാട്: സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തൃത്താല സ്വദേശി ഫൈസൽ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകവെയാണ് ദാരുണമായ സംഭവം. കൂട്ടുപാതയിൽ വച്ച് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇദ്ദേഹത്തെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫൈസൽ ബസ് റോഡരികിലേക്ക് ചേർത്തു നിർത്തി. ശേഷം കാര്യങ്ങളെല്ലാം ബസിലെ ആയയെ പറഞ്ഞേൽപ്പിച്ചു. പിന്നാലെ സുഹൃത്തിനെ വിളിച്ച് ആശുപത്രിയിലേക്ക് പോയെങ്കിലും മരണപ്പെടുകയായിരുന്നു. ആയ വിളിച്ച് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഡ്രൈവറെത്തി കുട്ടികളെ സ്കൂളിലെത്തിച്ചു.