തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്നെടുക്കുന്നവരുടെ കീശ കീറും. നിരക്കിൽ 10 ശതമാനം മുതൽ 60 ശതമാനം വരെ വർദ്ധന വരുത്തണമെന്നാവശ്യവുമായി വൈദ്യുതി ബോർഡ്. കണക്ഷൻ നൽകുന്നതിനും പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിക്കുന്നതിനുമുള്ള നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷൻ മുൻപാകെ ഉന്നയിച്ച ആവശ്യം. ഉപയോക്താക്കളുടെ പ്രതിനിധികൾ ഇതിനെ എതിർത്തു.
പുതിയ കണക്ഷൻ നൽകുമ്പോൾ കേരളം മുഴുവൻ ഒരേ നിരക്ക് ഈടാക്കുന്നതിനുള്ള നിർദ്ദേശവും ബോർഡ് സമർപ്പിച്ചിട്ടുണ്ട്. കിലോവാട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത നിരക്ക്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പുതിയ പുരപ്പുറ സോളർ നിലയങ്ങൾ സ്ഥാപിക്കുമ്പോൾ രജിസ്‌ട്രേഷൻ ഫീസും മറ്റും ചുമത്തണം എന്ന ആവശ്യവും ബോർഡ് മുന്നോട്ട് വെച്ചിട്ടുണ്ട്.