ആലപ്പുഴ: മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം. ചേർത്തല-പൂച്ചാക്കൽ റോഡിലാണ് സംഭവം. അമിതവേഗത്തിൽ അലക്ഷ്യമായാണ് യുവാവ് കാർ ഓടിച്ചത്. പത്തോളം വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചതായാണ് വിവരം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരാക്രമം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അമിത വേഗതയിൽ കാറോടിച്ച ഇയാൾ ബൈക്കുകളും സ്കൂട്ടറുകളുമുൾപ്പെടെ പത്തോളം വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്. ഓരോ വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ മുന്നോട്ട് പായുകയായിരുന്നു. പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും കാറിനെ പിന്തുടർന്നു.
ഇതിനിടെ മറ്റൊരു കാറിലിടിച്ച് യുവാവിന്റെ കാറിന്റെ ഒരു ടയർ ഊരിപ്പോയി. എന്നാൽ ഇയാൾ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. ടയർ ഊരിപ്പോയത് പോലും അറിയാതെ മുന്നോട്ട് നീങ്ങി വേറൊരു വാഹനത്തിലിടിച്ചാണ് കാർ നിന്നത്. ഇതോടെ യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. വാടകയ്ക്കെടുത്ത കാറാണ് യുവാവ് ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.