തൃശൂർ: എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മുണ്ടൂർ സ്വദേശി വിനീഷ്, പാവറട്ടി സ്വദേശി ടാർസൺ എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് 64 ഗ്രാം എംഡിഎംഎ് അന്വേഷണ സംഘം കണ്ടെടുത്തു.
ഏറെ നാളായി യുവാക്കൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മറ്റ് ജോലികൾക്കൊന്നും പോകാതിരുന്ന യുവാക്കൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമാണ് യുവാക്കൾ എംഡിഎംഎ വാങ്ങിയിരുന്നത്. നാട്ടിലെത്തിച്ച് മൂന്നിരട്ടി വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി.
യുവാക്കൾക്ക് ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് നൽകിയവരെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്. കൂടാതെ കേരളത്തിലെ ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടത്തും. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.