ഗാന്ധിനഗർ: അടുത്ത 25 വർഷത്തേക്ക് സർക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് വജ്രവ്യാപാര കേന്ദ്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയറ്റുമതി വ്യവസായത്തെ കൂടുതൽ ഉയരത്തിലെത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറി. ലോകത്തിലെ ഏറ്റവും മികച്ച 10 വികസ്വര നഗരങ്ങളിൽ ഒന്നാണ് ഇന്ന് സൂറത്ത്. ഒരു കാലത്ത് ‘സൺ സിറ്റി’ എന്നാണ് സൂറത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനം മൂലം അത് വജ്രനഗരമായി മാറിയിരിക്കുകയാണ്.
സൂറത്തിലെ ജനങ്ങൾക്ക് രണ്ട് സമ്മാനങ്ങൾ ഇന്ന് ലഭിച്ചിരിക്കുകയാണ്. സൂറത്ത് വിമാനത്താവളത്തിന് പുതിയ ടെർമിനലും അന്താരാഷ്ട്ര വിമാനത്താവളം എന്ന പദവിയും ലഭിച്ചു. അഞ്ച് ട്രില്യൺ ഡോളറോ 10 ട്രില്യൺ ഡോളറോ ആകട്ടെ, അടുത്ത 25 വർഷത്തേക്ക് രാജ്യത്ത് നടപ്പിലാക്കേണ്ട എല്ലാ പദ്ധതികളെ കുറിച്ചും കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഞങ്ങൾ അതിന് വേണ്ടിയാണ് പ്രയത്നിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.