മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ രോഹിത് ശർമ്മയ്ക്ക് വേണ്ടി മറ്റൊരു ക്ലബ്ബ് രംഗത്തെന്ന് റിപ്പോർട്ട്. ഡിസംബർ 20 ന് ആരംഭിക്കുന്ന ട്രേഡിംഗ് വിൻഡോ ഫെബ്രുവരി അവസാനമാണ് അവസാനിക്കുക. ട്രേഡിംഗ് വിൻഡോയിലൂടെ താരത്തെ സ്വന്തമാക്കാനാണ് ഈ ടീം ലക്ഷ്യമിടുന്നത്. രോഹിതിന് പകരം ഹാർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചതിന് ശേഷം എംഐ ടീമിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് വാർത്ത പുറത്തു വരുന്നത്. രോഹിത്തിനൊപ്പം മുംബൈയിലെ മറ്റ് രണ്ട് താരങ്ങളെയും ടീമിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
പ്രശസ്ത പെർഫോമൻസ് അനലിസ്റ്റ് പ്രസന്ന അഗോറാമാണ് താരലേലത്തിന് മുന്നോടിയായി രോഹിത്ത് ശർമ്മയെ ട്രേഡ് ചെയ്യാൻ ചെന്നൈ സൂപ്പർ കിംഗ്സിന് ആഗ്രഹമുണ്ടെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. എന്നാൽ രോഹിത് ശർമ്മ ഈ ടീമിൽ നിന്ന് എങ്ങും പോകുന്നില്ലെന്നാണ് എംഐ വക്താവ് മറുപടി നൽകിയത്. എന്നാൽ താരം മുംബൈ ഇന്ത്യൻസ് വിടുമോ എന്നത് കണ്ടുതന്നെ അറിയണം. രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്രയെയും സൂര്യകുമാർ യാദവിനെയും സിഎസ്കെയ്ക്ക് ട്രേഡ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും പ്രസന്ന അഗോറാം അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലടക്കം ചെന്നൈ ജഴ്സിയിലുള്ള രോഹിത്തിന്റെ ചിത്രം വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ രോഹിത്തിന്റെ നിലപാടായിരിക്കും നിർണായകമാകുക.
2013ൽ റിക്കി പോണ്ടിംഗിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ എംഐ ഐപിഎൽ ചാമ്പ്യന്മാരായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിന്റെ പേരിലാണ്. ഇത് കൂടാതെ 2013ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മ സമ്മാനിച്ചിരുന്നു.