ന്യൂഡൽഹി: തട്ടികൊണ്ടുപോയ മാൾട്ടാ കപ്പലിൽ നിന്നും പരിക്കേറ്റ നാവികനെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. മാൾട്ടയുടെ ചരക്ക് കപ്പലായ എംവി റ്യൂണിൽ നിന്നാണ് പരിക്കേറ്റ നാവികനെ ഇന്ത്യൻ നാവിക സേന രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ നാവികനെ നിലവിൽ ഒമാനിലേക്ക് എയർലിഫ്റ്റ് ചെയ്തുവെന്നും ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ലെന്നും നാവികസേന പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെയാണ് കപ്പൽ തട്ടികൊണ്ടുപോയത്. അറബിക്കടലിൽ നിന്ന് കപ്ലലിൽ ആറോളം പേർ അനധികൃതമായി കയറിയതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച മുതൽ എംവി റ്യൂണിനെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ പിന്തുടർന്നിരുന്നു. കപ്പൽ കണ്ടെത്താൻ സഹായിക്കണമെന്നുള്ള അവശ്യത്തോട് ഇന്ത്യൻ നാവികസേന അതിവേഗം പ്രതികരിക്കുകയായിരുന്നു. ഇതിനായി ഗൾഫ് ഓഫ് ഏദൻ ഭാഗത്ത് യുദ്ധക്കപ്പൽ വിന്യസിക്കുകയായിരുന്നു.
നിലവിൽ തട്ടികൊണ്ടുപോയ കപ്പൽ ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണത്തിലാണെന്നും കപ്പലിന്റെ നീക്കങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു. കപ്പൽ സൊമാലിയൻ തീരം ലക്ഷ്യംവെച്ചാണ് നീങ്ങുന്നതെന്നും സേന വ്യക്തമാക്കി.