പറഞ്ഞു പറഞ്ഞു പഴകിയ ചൊല്ലുകളെ പഴഞ്ചൊല്ലുകൾ എന്നു വിളിക്കാം. സാധാരണക്കാരുടെ ഭാഷാപ്രയോഗങ്ങളിലേക്ക് ബോധപൂർവവും അല്ലാതെയുമായി വന്നുചേരുന്ന മൊഴിമുത്തുകളായി പഴഞ്ചൊല്ലിനെ കണക്കാക്കാം. കുറിക്കുകൊള്ളുന്ന വിധത്തിൽ കുറുക്കിപ്പറയുക, ഓർത്തിരിക്കൽ എളുപ്പമാക്കാൻ താളാത്മകമാക്കുക സാധാരണ അനുഭവത്തിൽനിന്ന് സാമാന്യതത്ത്വം പറയുക ഇതൊക്കെയാണ് പഴഞ്ചൊല്ലിന്റെ പൊതുസ്വഭാവമായി പറയാനുള്ളത്.
മഹാകവി ഉള്ളൂരിന്റെ അഭിപ്രായം കടമെടുത്താല്‍, പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകള്‍ അഥവാ പഴമൊഴികള്‍. നമ്മുടെ നാടന്‍ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ് പഴഞ്ചൊല്ലുകള്‍. ഈ ചൊല്ലുകള്‍ വാമൊഴിയായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങള്‍ക്ക് അനുസരിച്ച് വികാസം പ്രാപിക്കുകയും ചെയ്തു.
ചില ഉദാഹരണങ്ങൾ …
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു ; വളരെ വലിയ കാര്യത്തിനായി സൂക്ഷിച്ച ഒരു വസ്തു ഉപകാരപ്പെട്ടത് തീരെ ചെറിയ ഒരു ആവശ്യം സാധിക്കാനാണ് എന്നർത്ഥമാക്കുന്നതാണിത്.
അകം നന്നായാൽ പുറം നന്നായി ; മനസ്സ് നന്നായിരുന്നാൽ സൽപ്രവർത്തികൾ ചെയ്യാൻ കഴിയും എന്ന് സാരം
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം ; ഒരാളെ കണ്ടാൽ ഒരു സമൂഹത്തെ അറിയാമെന്ന് അർത്ഥം
വിനാശകാലേ വിപരീത ബുദ്ധി- സമയം മോശമായിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നമ്മളെ അബദ്ധത്തിൽ കൊണ്ടുചെന്ന് ചാടിക്കാം
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട- സൂക്ഷിച്ച് പെരുമാറിയാൽ ദു:ഖിക്കേണ്ടി വരില്ലെന്ന് അർത്ഥം
പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട-ഒരു ആപത്തിൽ നിന്നും രക്ഷപ്പെടനായി നോക്കുമ്പോൾ അവിടെ അത്യാപത്ത്.
കൊടുത്താല്‍ കൊല്ലത്തും കിട്ടും ; അന്യന്റെ സ്വത്തും സുഖങ്ങളും മോഷ്ടിക്കുമ്പോഴും നശിപ്പിക്കുമ്പോഴും ഇതു നമ്മള്‍ക്കും ബാധകമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ചൊല്ലാണിത്.















