ഇടുക്കി: വണ്ടിപെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കോടതി വെറുതെവിട്ട അർജുനും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടിയുടെ ഉത്തരവ്. വണ്ടിപ്പെരിയാർ പോലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് സംരക്ഷണ ചുമതല നൽകിയിരിക്കുന്നത്.
അർജുന്റെ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം. തെളിവുകളുണ്ടായിട്ടും കോടതി വെറുതെ വിട്ട അർജുനെതിരേ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് അർജുന്റെ അച്ഛൻ സുന്ദറും കുടുംബവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. വീട്ടിലുള്ള സാധനങ്ങൾ മാറ്റാനാവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
അർജുനെ വെറുതെ വിട്ട കോടതിവിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാണ്. അതേസമയം കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ കുട്ടിയുടെ കുടുംബവും കക്ഷി ചേരും. വ്യക്തമായ തെളിവുകളുണ്ടായിട്ടും അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നാ വശ്യപ്പെട്ട് സ്വകാര്യ ഹർജിയും നൽകും.
കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പീഡന ശ്രമത്തിനിടെ ബോധംകെട്ട പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഷാളിൽ കെട്ടിത്തൂക്കിയെന്നാണു കണ്ടെത്തൽ.















