തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വരുന്ന ആഴ്ചകളിൽ കേസുകൾ വർദ്ധിച്ചേക്കാമെന്നും ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 300-ലേക്ക് കേസുകൾ വർദ്ധിച്ചെങ്കിലും സംസ്ഥാനത്ത് തത്കാലം നിയന്ത്രണമേർപ്പെടുത്തില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ആരോഗ്യ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്.
ഇന്നലെ കോഴിക്കോട് തിരുവമ്പാടിയിൽ കോവിഡ് മൂലം ഒരാൾ മരിച്ചു. താഴെ തിരുവമ്പാടി സ്വദേശിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. ശ്വാസംമുട്ടിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവർക്കും മാസ്‌ക് നിർബന്ധമാണ്. രോഗലക്ഷണമുള്ളവരെ മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നാണ് വിലയിരുത്തൽ. കോവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ഗുരുതരരോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും.















