ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ പോലുള്ള ഘടകങ്ങൾ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ തടഞ്ഞു നിർത്താനും സഹായിക്കുന്നു. എന്നാൽ ഇലക്കറികൾ കഴിച്ചു മടുത്തിരിക്കുകയാണ് നിങ്ങളെങ്കിൽ ഇനി പൂക്കൾ ഒന്ന് കഴിച്ചു നോക്കിയാലോ? പൂക്കൾക്കും ഗുണങ്ങൾ അനവധിയാണ്. അറിയാം..
ചെമ്പരത്തി
ചെമ്പരത്തി ചെടികൾ ഇല്ലാത്ത വീടുകൾ പെതുവെ ചുരുക്കമായിരിക്കും. നമ്മുടെ നാടുകളിൽ ധാരാളമായി കണ്ടുവരുന്ന സസ്യമാണ് ചെമ്പരത്തി. ഇതിന്റെ ഇലയും പൂവും താളിയായൊക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചെമ്പരത്തി പൂവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ? ആയുർവേദത്തിൽ ഇത് പല മരുന്നുകൾക്കും ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തി പൂവ് നേരിട്ട് കഴിക്കാമെങ്കിലും ചെമ്പരത്തി ചായ, ചെമ്പരത്തി ജാം, ചെമ്പരത്തി സലാഡ് എന്നിങ്ങനെയായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ചെമ്പരത്തി പൂവ് സഹായിക്കുന്നു.
ജമന്തി
ചെമ്പരത്തി പൂവ് പോലെ തന്നെ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന മറ്റൊരു പൂവാണ് ജമന്തി. മഞ്ഞ ജമന്തിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ജമന്തി ചെടിയുടെ വേര് മുതൽ പൂവ് വരെയുള്ള വിവിധ ഭാഗങ്ങൾ മരുന്നുകൾക്കായി ഉപയോഗിക്കാറുണ്ട്. ജമന്തി പൂവിട്ട ചായ, ജെല്ലികൾ, വൈനുകൾ, സലാഡുകൾ തുടങ്ങിയവ കഴിക്കാം.
റോസ്
ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ശുദ്ധമായ പനിനീർ വെള്ളം മുഖത്ത് തേക്കുന്നത് നല്ലതാണെന്ന് പല ബ്യൂട്ടീഷ്യന്മാരും പറയാറുണ്ട്. അതുപോലെ തന്നെ പനിനീർ പുഷ്പവും നമുക്ക് കഴിക്കാം, ചായയിലിട്ടോ, ജാം ആക്കി മാറ്റിയോ ഭക്ഷണത്തിൽ പനിനീർ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ലാവൻഡർ
പൊതുവെ കേരളത്തിൽ ലാവൻഡർ കണ്ടു വരാറില്ലെങ്കിലും ആരോഗ്യം സംരക്ഷത്തിനായി ഈ പുഷ്പത്തെയും ഉപയോഗിക്കാറുണ്ട്. വയലറ്റ് നിറത്തോടു കൂടിയ ചെറു പൂക്കളായിരിക്കും ഇവ. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ലാവൻഡർ പൂക്കൾ ചായയിലിട്ടും, പല സിറപ്പുകളും ബേക്കഡ് ഭക്ഷണങ്ങൾ ഉണ്ടാക്കുമ്പോഴും ഉപയോഗിക്കാറുണ്ട്. മിതമായ അളവിൽ ലാവൻഡർ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
Note: അലർജി പോലുള്ള രോഗങ്ങളുള്ളവർ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മാത്രം ഇത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.